സ്വാതന്ത്ര്യദിനത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആഗസ്റ്റ് 15-ന്റെ പ്രഭാതം വെറുമൊരു സാധാരണ പ്രഭാതമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെ പ്രഭാതമാണത്. 125 കോടി ജനതയുടെയും ഇന്ത്യയുടെ അഭിമാനത്തിനായി നൂറ്റാണ്ടുകളോളം ത്യാഗവും പീഢനവും സഹിച്ച നമ്മുടെ മഹാന്മാരായ നേതാക്കളുടെ ദൃഢനിശ്ചയത്തിന്റെയും പ്രഭാതമാണിത്. അവർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചു, യുവത്വം ജയിലുകളിൽ ഹോമിച്ചു, അതിക്രമങ്ങൾക്കിരയായി, പക്ഷേ ഒരിക്കലും തങ്ങളുടെ സ്വപ്നങ്ങളുടെ കാര്യത്തിൽ ഒത്തുതീർപ്പിന് തയ്യാറായില്ല, പ്രതിജ്ഞയുടെ കാര്യത്തിലും. ഇന്ന് ആ സ്വാതന്ത്ര്യസമരസേനാനികളെ ദശലക്ഷം തവണ ഞാൻ അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പ്രശസ്തരായ പല ഇന്ത്യൻ പൌരന്മാരും, യുവാക്കളും, പണ്ഡിതരും, സാമൂഹിക പ്രവർത്തകരും അല്ലെങ്കിൽ പുത്രന്മാരും പുത്രികളും ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ചു. ഇന്ത്യ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമായ ആയിരക്കണക്കിന് അത്തരം വ്യക്തികളെ ഈ ചെങ്കോട്ടയിൽ നിന്ന് ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ലോകം പലപ്പോഴും പ്രശംസിച്ചിട്ടുള്ളതാണ്, പക്ഷേ ഇന്ത്യയ്ക്ക് നിരവധി ഗുണങ്ങളും, വൈവിധ്യവും, വിശാലതയും ഉള്ളതുപോലെ ഓരോ ഇന്ത്യാക്കാരനിലും ലാളിത്യവും, രാജ്യത്തിന്റെ ഓരോ മൂലയിൽ ഐക്യവുമുണ്ട്. ഇതാണ് നമ്മുടെ ആസ്തി. ഇതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയും. നമ്മുടെ രാജ്യത്തിന്റെ ശക്തി നൂറ്റാണ്ടുകളോളം പരിരക്ഷിക്കുകയും ഓരോ യുഗങ്ങളിലും ആ കരുത്തിന് നവജീവൻ പകരാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യകതയനുസരിച്ച് ഭാവിയിലെ സ്വപ്നങ്ങൾ പൂവണിയിക്കാനായി ആ കരുത്തിനെ പരുവപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിലൂടെയും ഓരോ ദിവസവും ഓരോ പുതിയ തീരുമാനങ്ങളിലൂടെയും കടന്നുപോയാണ് ഇന്ത്യ ഈ ഘട്ടത്തിലെത്തിയിരിക്കുന്നത്.
നമ്മുടെ ഐക്യം, നമ്മുടെ ലാളിത്യം, നമ്മുടെ സാഹോദര്യം, നമ്മുടെ സൗഹാർദ്ദം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യങ്ങൾ, അതിനൊരിക്കലും നിറംമങ്ങുകയോ മുറിവേൽക്കുകയോ ചെയ്യരുത്. നമ്മുടെ രാജ്യത്തിന്റ ഐക്യം തകർക്കപ്പെട്ടാൽ സ്വപ്നങ്ങൾ ഛിന്നഭിന്നമായിപ്പോകും. അത് ജാതീയതയുടെ വിഷമായാലും വർഗീയതയുടെ ഭ്രാന്തായാലും നമ്മളൊരിക്കലും അതിന് ഇടം അനുവദിക്കരുത്, വളരാൻ അനുവദിക്കരുത്. ജാതീയതയുടെ വിഷവും വർഗ്ഗീയതയുടെ ഭ്രാന്തും വികസനത്തിന്റെ സദ്ഫലങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കണം. ഇതിലൂടെ പുതിയ ഒരു മനോഭാവം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം.
സഹോദരന്മാരെ, സഹോദരികളേ,
ടീം ഇന്ത്യയിലൂടെ ഈ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. ഈ ടീം ഇന്ത്യ 125 കോടി ഇന്ത്യാക്കാരടങ്ങുന്നതാണ്. എപ്പോഴെങ്കിലും സങ്കൽപ്പിക്കപ്പെട്ട കാര്യമായിരുന്നോ, ഈ ടീം ഇന്ത്യ ഒറ്റക്കെട്ടായി മുന്നേറുമ്പോൾ രാഷ്ട്രം പുതിയ ഉയരങ്ങളിലെത്തുമെന്ന് ? ഈ മുന്നേറ്റം വഴി രാഷ്ട്രം പുരോഗമിക്കുകയും സുരക്ഷിതമാവുകയും ചെയ്തു. ഗവൺമെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും നേട്ടങ്ങളും നമ്മൾ നമുക്കുതന്നെ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങൾക്കുമെല്ലാം കാരണം 125 കോടി ജനങ്ങളടങ്ങന്ന ഈ ടീം ഇന്ത്യയാണ്, നമുക്കവരോട് നന്ദിയുണ്ട്.
ഒരു രാഷ്ട്രത്തെ മുന്നോട്ടു നയിക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. നമ്മളാവട്ടെ 125 കോടി ജനങ്ങളുടെ പങ്കാളിത്തം മുൻഗണനാക്രമത്തിൽ ഉറപ്പുവരുത്തിക്കൊണ്ടേയിരിക്കുന്നു. ഈ പങ്കാളിത്തം തുടരുകയാണെങ്കിൽ രാജ്യം ഓരോ നിമിഷത്തിലും 125 കോടി ചുവടുകൾ മുന്നോട്ടു പോവും. ഈ പങ്കാളിത്തം mygov.in വെബ്ബ്സൈറ്റിലൂടെയോ അല്ലെങ്കിൽ മൻ കി ബാത് പരിപാടിയിലൂടെ ഞങ്ങൾക്ക് ലഭിക്കുന്ന ലക്ഷക്കണക്കിന് കത്തുകളിലൂടെയോ ആവാം. വളരെ ദൂരെയും ഒറ്റപ്പെട്ടുകിടക്കുന്നതുമായ ഗ്രാമങ്ങളിൽ നിന്ന് വളരെയധികം നിർദ്ദേശങ്ങളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഇതുതന്നെയാണ് ടീം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും.
എന്റെ പ്രിയപ്പെട്ട സഹരാജ്യനിവാസികളേ,
ടീം ഇന്ത്യയ്ക്ക് ഒരേയൊരു നിയോഗമേയുള്ളൂ, നമ്മുടെ സംവിധാനങ്ങളും പദ്ധതികളും രാജ്യത്തെ പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുന്നതായിരിക്കണം എന്നതാണത്. നമ്മുടെ സംവിധാനങ്ങൾ, നമ്മുടെ വിഭവങ്ങൾ, നമ്മുടെ ആസൂത്രണങ്ങൾ, നമ്മുടെ പദ്ധതികൾ എന്നിവയെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി എങ്ങനെ വിനിയോഗിക്കണമെന്ന് അറിഞ്ഞാൽ മാത്രമേ ഭരണത്തിന്റെ പ്രസക്തി നീതീകരിക്കാനാവൂ. എന്തെന്നാൽ, രാജ്യത്തെ ഒരു ദരിദ്രനും ദാരിദ്ര്യാവസ്ഥയിൽ കഴിയാൻ ആഗ്രഹിക്കുന്നില്ല, അവർ ദാരിദ്ര്യത്തിനെതിരായി പൊരുതാൻ ആഗ്രഹിക്കുന്നു.
സഹോദരന്മാരെ, സഹോദരികളേ,
ഞാൻ സ്ഥാനമേറ്റതിന് ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റ് 15-ന്, എന്റെ ചില ആശയങ്ങൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. തുടക്കത്തിൽ ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങൾ, ആ ചിന്തകൾ തുറന്ന മനസ്സോടെ 125 കോടി ഇന്ത്യാക്കാരുടെ മുമ്പാകെ ഞാൻ വെച്ചു. പക്ഷെ, ഇന്ന് ഒരു വർഷം കഴിഞ്ഞ്, ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്ന്, ത്രിവർണ്ണ പതാക സാക്ഷിയായി എന്റെ രാജ്യനിവാസികൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു വർഷത്തിനുള്ളിൽ 125 കോടി പൗരന്മാരടങ്ങുന്ന ടീം ഇന്ത്യ പുത്തൻ ആത്മവിശ്വാസത്തോടെ, പുതിയ ശക്തിയോടെ, തങ്ങളുടെ സ്വപ്നങ്ങൾ കഠിനാധ്വാനം നടത്തി സമയബന്ധിതമായി സാക്ഷാത്ക്കരിക്കാൻ ഒന്നിച്ചിരിക്കുന്നുവെന്ന്. വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു അന്തരീക്ഷം വികസിച്ചിരിക്കുന്നു.
കഴിഞ്ഞ ആഗസ്റ്റ് 15-ന് ഞാൻ പ്രധാനമന്ത്രി ജൻ ധൻ യോജന പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കാനായി ബാങ്കുകൾ ദേശസാൽക്കരിച്ചിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞു. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും കഴിഞ്ഞ ആഗസ്റ്റ് 15 വരെ, നമ്മുടെ പൗരന്മാരിൽ 40 ശതമാനത്തിനും ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. ബാങ്കുകളുടെ വാതിലുകൾ പാവപ്പെട്ടവരുടെ മുമ്പിൽ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. ഈ കറുത്ത പാട് നീക്കം ചെയ്യുമെന്ന് നാം പ്രതിജ്ഞയെടുത്തു. ലോകം സാമ്പത്തിക ഉൾച്ചേർക്കലിനെക്കുറിച്ച് സംസാരിക്കുന്നു. ഈ സാമ്പത്തിക സന്നിവേശനം ശക്തമായ അടിത്തറയിൽ വേണം സ്ഥാപിക്കാൻ. ഇതിനായി ഏറ്റവും പാവപ്പെട്ടവരെ സാമ്പത്തിക പ്രക്രിയയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ബാങ്ക് അക്കൗണ്ട് അതിന്റെ ആദ്യപടിയാണ്. “ഞങ്ങൾ ചെയ്യാം, നമുക്കിത് ചെയ്യാം, ഞങ്ങളത് ആലോചിക്കുന്നു, നമുക്കു നോക്കാം”, എന്നതിനുപകരം ഞങ്ങളൊരു തീരുമാനമെടുത്തു, ജനുവരി 26-ന് രാജ്യം ത്രിവർണ്ണ പതാകയുടെ മുന്നിൽ നിൽക്കുന്നതിന് മുമ്പ്, ആ സമയപരിധിക്കകം ഞങ്ങൾ ലക്ഷ്യം നിറവേറ്റുമെന്ന്.
എന്റെ രാജ്യനിവാസികളേ, ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും, നിശ്ചിത സമയപരിധിക്കുള്ളിൽ ആ ദൗത്യം പൂർത്തികരിച്ചുവെന്ന്. പ്രധാൻമന്ത്രി ജൻ ധൻ യോജനക്കു കീഴിൽ 17 കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു. പാവപ്പെട്ടവർക്ക് ഒരു അവസരം നൽകണമെന്നാണ് ഞങ്ങൾ പറഞ്ഞത്. അതുകൊണ്ടാണ് അവരുടെ കൈയ്യിൽ ഒരു രൂപയോ, ഒരു പൈസയോ പോലും ഇല്ലെങ്കിൽ കൂടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനായത്. ബാങ്കുകൾക്ക് കടലാസിനും സ്റ്റേഷനറിക്കുമായി കുറച്ചു തുക ചെലവിടേണ്ടിവന്നിട്ടുണ്ടാകാം. എല്ലാത്തിനുമുപരി ആർക്കുവേണ്ടിയാണ് ഈ ബാങ്കുകൾ? പാവങ്ങൾക്കു വേണ്ടിയാവണം അവ. അതുകൊണ്ടുതന്നെയാണ് സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കാൻ അവർ സമ്മതിച്ചത്. രാജ്യത്തിലെ ധനികരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാവപ്പെട്ടവരെയും അവരുടെ ഹൃദയത്തിന്റെ വിശാലതയെയും രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ദരിദ്രരുടെ സമ്പന്നതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഞാനവരെ അഭിനന്ദിക്കുന്നു. കാരണം, സീറോ ബാലൻസ് അക്കൗണ്ടുകൾ തുടങ്ങാനാവശ്യപ്പെട്ടിട്ടും ഈ രാജ്യത്തെ ദരിദ്രർ 20,000 കോടി രൂപ ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നു. പാവപ്പെട്ടവരുടെ സമ്പന്നതയല്ലെങ്കിൽ പിന്നെ എന്താണിത്, ഇതെങ്ങനെ സാധ്യമായി? ഈ ദരിദ്രരുടെ സമ്പന്നതയിലൂടെ ടീം ഇന്ത്യ മുന്നോട്ടുപോവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
സഹോദരന്മാരേ, സഹോദരികളേ,
നമ്മുടെ രാജ്യത്ത് പുതിയ ഒരു ബാങ്ക് ശാഖ തുറക്കുമ്പോഴോ ബാങ്കിനായി ഒരു പുതിയ കെട്ടിടം നിർമ്മിക്കുമ്പോഴോ അത് വലിയ ചർച്ചയാവാറുണ്ട്. വലിയൊരു ലക്ഷ്യം നേടിക്കഴിഞ്ഞെന്നും അതിനെ വിശേഷിപ്പിക്കാറുണ്ട്. വലിയ വികസനങ്ങൾ സംഭവിക്കുന്നുണ്ട്, ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്, കാരണം കഴിഞ്ഞ 60 വർഷങ്ങളായി രാഷ്ട്രത്തിന്റെ പുരോഗതി നാം അളക്കുന്നത് ഈ മാനദണ്ഡങ്ങളിലൂടെ മാത്രമാണ്. ആ മാനദണ്ഡങ്ങൾ ഇന്നും അവ തന്നെയാണ്. ഒരു ബാങ്കിന്റെ പുതിയ ശാഖ തുറക്കുമ്പോൾ അത് ഏറെ അഭിനന്ദിക്കപ്പെടുകയും ഏറെ പ്രചാരം സിദ്ധിക്കുകയും ഗവൺമെന്റിന് അഭിനന്ദങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. പക്ഷേ, 17 കോടി ജനങ്ങളെ ബാങ്കുകളിലേക്ക് കൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഓരോ മിനിറ്റിലും അക്കൗണ്ടുകൾ തുറക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ടത്. ബാങ്കുകളുടെ വാതിലുകൾ ദരിദ്രർക്കു മുമ്പാകെ തുറന്നുകൊടുക്കുന്നതിന് സഹകരിച്ച ടീം ഇന്ത്യയിലെ പ്രധാന പങ്കാളികളായ, ബാങ്ക് ജീവനക്കാർ, ടീം ഇന്ത്യയുടെ പ്രധാന അംഗങ്ങളായ ബാങ്കുകൾ എന്നിവയെ നിറഞ്ഞ ഹൃദയത്തോടെ ഞാൻ അഭിവാദ്യം ചെയ്യുന്നു. വരും ദിവസങ്ങളിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
സാമ്പത്തിക സന്നിവേശം നമ്മുടെ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുമെന്നും അതിനാൽ അത് എല്ലായ്പോഴും നല്ലതല്ലെന്നുമുള്ള ചിന്ത സാമ്പത്തികവിദഗ്ധർക്കിടയിലുണ്ട്. ഞാൻ ഈ ആശയത്തോട് യോജിക്കുന്നില്ല. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വികസന പിരമിഡിനെ നിരീക്ഷിക്കുകയാണെങ്കിൽ അടിഭാഗമാണ് ഏറ്റവും വിസ്തൃതമായിട്ടുള്ളത്. അത് ശക്തമാണെങ്കിൽ വികസന പിരമിഡ് പൂർണ്ണമായും ശക്തിയുള്ളതാകും. ഇന്ന് ദളിതുകൾ, അധസ്ഥിതർ, അടിച്ചമർത്തപ്പെട്ടവർ, അവഗണിക്കപ്പെട്ടവർ എല്ലാം ഈ അടിഭാഗത്താണ്. ഈ വികസന പിരമിഡിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണെങ്കിൽ ഈ വിഭാഗങ്ങൾ സാമ്പത്തിക സന്നിവേശത്തിലൂടെ ശാക്തീകരിക്കപ്പെടും. അങ്ങനെയാണെങ്കിൽ ഈ വികസന പിരമിഡ് ഒരിക്കലും ഇളകുകയില്ല. ഏതൊരു വൻകാറ്റിനെയും അത് അതിജീവിക്കും. ശക്തമായ സാമ്പത്തിക അടിത്തറയിൽ അധിഷ്ഠിതമായ ഈ പിരമിഡ് നിവർന്നു നിൽക്കുകയും പിരമിഡിന്റെ താഴെത്തട്ടിലുള്ളവരുടെ ക്രയശേഷി വർദ്ധിക്കുകയും ചെയ്യും. സമൂഹത്തിന്റെ അടിത്തട്ടിലുള്ള വ്യക്തിയുടെ ക്രയശേഷി വർദ്ധിക്കുകയാണെങ്കിൽ നമ്മുടെ രാജ്യത്തെ സാമ്പത്തിക മുന്നേറ്റം ആർക്കും തടയാനാകില്ല. സാമ്പത്തിക സന്നിവേശം രാജ്യത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കും. അതിനാൽ, ഈ വിഷയത്തിൽ ഊന്നൽ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനും ഞങ്ങൾ പ്രാമുഖ്യം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന, പ്രധാന മന്ത്രി ജീവൻ ജ്യോതി യോജന. സാമൂഹിക സുരക്ഷിതത്വമില്ലാത്ത ദശലക്ഷം പേർ നമ്മുടെ രാജ്യത്തുണ്ട്. പാവപ്പെട്ടവർ മാത്രമല്ല; രാജ്യത്തെ ഇടത്തരക്കാർക്കുപോലും ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. പ്രതിമാസം ഒരു രൂപ എന്ന ഒരു ഇൻഷ്വറൻസ് പദ്ധതിക്ക് നാം രൂപം കൊടുത്തു. ഇത് ഒരു വലിയ തുകയൊന്നുമല്ല, പ്രതിമാസം ഒരു രൂപ, അങ്ങനെ 12 മാസത്തിൽ 12 രൂപ എന്ന തോതിൽ നിങ്ങൾക്കും പ്രധാനമന്ത്രി ബീമാ സുരക്ഷാ യോജനയിൽ പങ്കാളികളാകാം. കുടുംബത്തിലുണ്ടാകുന്ന ഏതെങ്കിലും അത്യാഹിതങ്ങളിൽ നിങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ കിട്ടും. എങ്ങനെ ഒരു സമ്പദ്ഘടനയെ മുന്നോട്ടു കൊണ്ടുപോകാം? നമ്മൾ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന നടപ്പിലാക്കി. പ്രതിദിനം 90 പൈസ, അതായത് ഒരു രൂപയിലും താഴെ, അങ്ങനെ പ്രതിവർഷം 330 രൂപ ചെലവിടുക വഴി നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നിങ്ങൾക്ക് ലഭിക്കും. ഞങ്ങൾ അത് ചെയ്തു.
സഹോദരീ സഹോദരന്മാരേ,
പദ്ധതികൾ പഴയകാലത്തും ഉണ്ടായിരുന്നു. എന്നാൽ പദ്ധതികളില്ലാത്ത ഏത് ഗവൺമെന്റാണുള്ളത്. നാട മുറിക്കലും, ഉദ്ഘാടനവും നടത്താത്ത ഏത് ഗവൺമെന്റാണ് ഉള്ളത്. പക്ഷേ, വാഗ്ദാനം നിറവേറ്റുന്നതിലാണ് കാര്യം. ഞങ്ങൾ ഒരു പുതിയ തൊഴിൽ സംസ്ക്കാരത്തിന് തുടക്കമിട്ടു. മുമ്പുണ്ടായിരുന്ന 40 ഉം 50 ഉം വർഷം പഴക്കമുള്ള പല പദ്ധതികളും 5 മുതൽ 6 കോടി ജനങ്ങളിലേക്ക് വരെ എത്തിയിരുന്നില്ല. പക്ഷേ എന്റെ ഗവൺമെന്റ് പ്രഖ്യാപിച്ച പദ്ധതികൾ 100 ദിവസം പിന്നിടുമ്പോൾതന്നെ നമ്മുടെ രാജ്യത്ത് 10 കോടിയിലധികം ജനങ്ങൾക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിച്ചു. 10 കോടി എന്ന് പറയുമ്പോൾ 10 കോടി കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അതിന്റെ അർത്ഥം 30 മുതൽ 35 കോടി കുടുംബങ്ങളുള്ള രാജ്യത്ത് 10 കോടി കുടുംബങ്ങൾക്ക് 100 ദിവസം പൂർത്തിയാകും മുമ്പേ ഇത്തരം പദ്ധതികളുടെ ആനുകൂല്യം ലഭിച്ചു എന്നതാണ്.
സഹോദരീ സഹോദരന്മാരേ,
125 കോടി ജനങ്ങളുള്ള ടീം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തികരിച്ചു എന്നുള്ളതാണ്. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നും കഴിഞ്ഞ വർഷം ഞാൻ നിങ്ങളെ അഭിസംബോധന ചെയ്തപ്പോൾ ശുചിത്വത്തെക്കുറിച്ചും ശൗചാലയം നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു. ജനങ്ങൾ അത്ഭുതപ്പെട്ടു കാണും; ശൗചാലയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയാണല്ലോ ഇതെന്ന്. പക്ഷേ ഇപ്പോൾ രാജ്യത്ത് നടത്തിയ എല്ലാ സർവ്വേകളും സർവ്വതല സ്പർശിയായ ശുചിത്വത്തിന്റെ പ്രാധാന്യത്തക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സമൂഹത്തിൽ ശുചിത്വസന്ദേശം എത്തിക്കാൻ എല്ലാവരോടും സഹായം തേടുകയും ഉണ്ടായി. ശുചിത്വസന്ദേശം എല്ലായിടത്തും എത്തിക്കുകയും, ആശയങ്ങളില്ലാതെ ശുചിത്വദിനത്തിൽ പങ്കാളികളായ മാധ്യമപ്രവർത്തകർ, ആത്മീയനേതാക്കൾ, വിദ്യാഭ്യാസ വിചക്ഷണർ, പ്രശസ്തർ, എല്ലാവർക്കും എന്റെ ഹൃദയംഗമായ നന്ദി. പക്ഷേ ആരാണ് ഈ ശുചിത്വ പ്രചരണത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസിഡർ? അഞ്ചും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളുള്ള എണ്ണമറ്റ കുടുംബങ്ങളാണ് ഈ യജ്ഞത്തിന്റെ ബ്രാൻഡ് അംബാസിഡർമാരും വഴികാട്ടികളുമായത്. റോഡിൽ തുപ്പിയതിനെയും മാലിന്യം നിക്ഷേപിച്ചതിനെയും മുതിർന്നവരെ കുട്ടികൾ കളിയാക്കി; നമ്മുടെ രാജ്യവും പരിസരവും ശുചിയാക്കണം എന്ന് ഊന്നിപ്പറഞ്ഞു. ഈ ശുചിത്വ പ്രചാരണം വിജയിപ്പിച്ച കുട്ടികളെ ഞാൻ നന്ദി അറിയിക്കുന്നു; അവരെ നമിക്കുന്നു. ഈ കുട്ടികൾ ശുചിത്വത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും ബോധവാന്മാരാണ്. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ മനസ്സിലാക്കാത്ത കാര്യങ്ങൾ നിഷ്ക്കളങ്കരായ ഈ കുരുന്നുകൾ നമുക്ക് മനസ്സിലാക്കിത്തന്നു.
ഈ കുട്ടികളുടെ തിരിച്ചറിവും ശുചിത്വത്തിന്റെ കാര്യത്തിൽ പരിപൂർണ്ണ സമർപ്പണബോധവുമുള്ള കുട്ടികൾ ഉള്ള രാജ്യം തീർച്ചയായും ശുചിത്വമുള്ളതാകുമെന്നും മാലിന്യങ്ങളോട് വിമുഖത കാണിക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്.
സഹോദരീ സഹോദരന്മാരേ,
ഞാനിത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇന്ന് എന്റെ സഹപൗരന്മാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ടീം ഇന്ത്യയുടെ 125 കോടി ജനങ്ങളോട് എനിക്ക് പറയണം ഈ രാജ്യം അഴിമതിമുക്തമാക്കാനാകും. എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും അത് മുകൾത്തട്ടിൽ നിന്നുതന്നെ തുടങ്ങണം.
നമ്മുടെ രാജ്യത്ത് അഴിമതി ചിതൽ പോലെ പ്രവർത്തിക്കുന്നു. എങ്ങും പരക്കുകയും അതേസമയം അദൃശ്യമായിരിക്കുകയും ചെയ്യും. കിടപ്പുമുറിയിലെ തുണികൾ സൂക്ഷിച്ചിരിക്കുന്ന അലമാരിയിൽ എത്തുമ്പോഴായിരിക്കും ഇവയെ തുരത്തണമെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത്. ഇവയെ കളയാനായി തറയുടെ ഓരോ ചതുരശ്ര മീറ്ററിലും കീടനാശിനി കുത്തിവെയ്ക്കണം. കാരണം, വീടിന്റെ ഒരുഭാഗത്ത് മാത്രം തളിച്ചാൽ കീടനാശിനികൾ പ്രവർത്തിക്കുകയില്ല. ചിതലിനെ എന്നേന്നക്കുമായി ഒഴിവാക്കണമെങ്കിൽ ഓരോ ചതുരശ്ര മീറ്ററിലും ഓരോ മാസവും കീടനാശിനികൾ കുത്തിവെയ്ക്കണം. അങ്ങനെ വർഷങ്ങളുടെ ശ്രമഫലമായി ചിതൽ പോകും. നമ്മുടെ വലിയ രാജ്യത്ത് അഴിമതിയുടെ ചിതൽ പൂർണ്ണമായും ഇല്ലാതാക്കാൻ സുദീർഘമായ എണ്ണമറ്റ ശ്രമങ്ങൾ ആവശ്യമാണ്. ഈ ശ്രമങ്ങൾ ഫലം കാണുമെന്ന് എനിക്കുറപ്പുണ്ട്.
പാചകവാതക സബ്സിഡിയിൽ ഞാൻ 15,000 കോടി രൂപയുടെ വെട്ടിക്കുറവ് പ്രഖ്യാപിച്ചാൽ നൂറുകണക്കിന് മാധ്യമക്കുറിപ്പുകളിൽ ഞാൻ പ്രശംസയ്ക്ക് പാത്രീഭൂതനാകുമെന്ന് എനിക്കുറപ്പുണ്ട്. അവർ പറയുമായിരിക്കും 15,000 കോടി രൂപയുടെ പാചകവാതക സബ്സിഡി പിൻവലിച്ച മനുഷ്യനാണിതെന്ന്. ഈ മനുഷ്യന് കടുത്ത തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന്. ഞാൻ അങ്ങനെ എടുക്കാതിരുന്നാൽ ഇക്കൂട്ടർ പറയും യാതൊന്നും പ്രകടമല്ലെന്ന്. ചില സമയങ്ങളിൽ ചിലർക്ക് ദോഷൈകദൃക്കുകളായിരിക്കാനാണ് താൽപ്പര്യം. അവരുടെ നിരാശ മറ്റുള്ളവരുമായി പങ്കിടാത്തിടത്തോളം അവർക്ക് ശരിയായി ഉറങ്ങാനാവില്ല. അതൊരു ശീലമാണ്. ചിലയാളുകൾ സുഖമില്ലാതാവുമ്പോൾ തങ്ങളുടെ രോഗാവസ്ഥ മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെക്കും. കാരണം തങ്ങളുടെ അവസ്ഥ മറ്റുള്ളവരുമായി പങ്കിടാനും അവർ ഇഷ്ടപ്പെടുന്നില്ല. എന്നാൽ മറ്റുചിലരുണ്ട് അവർക്ക് അസുഖം വന്നാൽ മറ്റുള്ളവർ തന്നെ കാണണമെന്നും അസുഖവിവരം അറിയണമെന്നുമുള്ളവരാണവർ. ആരെങ്കിലും കാണാൻ വന്നാൽ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് സന്ദർശകരുമായി മണിക്കൂറുകളോളം പറയും. എനിക്ക് കാണാൻ കഴിയും, ചില ആളുകൾ ഇച്ഛാഭംഗത്തിനായി കാത്തിരിക്കുകയും അത് പരത്തുകയും ചെയ്യും. തങ്ങളുടെ ഇച്ഛാഭംഗം എത്രത്തോളം പരത്തുന്നുവോ, അവർക്ക് രാത്രിയിൽ അത്രയും സുഖകരമായ ഉറക്കം ലഭിക്കും. അത്തരക്കാർ തങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പദ്ധതിയോ, പ്രവർത്തികളോ ഉള്ളവരല്ല. എന്തായാലും ഇത്തരം ആൾക്കാർക്ക് വേണ്ടി സമയം ചെലവിടാൻ 125 കോടി ജനങ്ങളടങ്ങുന്ന നമ്മുടെ ടീം ഇന്ത്യയ്ക്ക് എങ്ങനെ കഴിയും.
പക്ഷേ എങ്ങനെയാണത് സംഭവിക്കുന്നത്. പാചകവാതക സബ്സിഡിയിൽ നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി ഞങ്ങൾ ഏർപ്പെടുത്തി. ജൻ ധൻ യോജന, ആധാർ കാർഡ് എന്നിവ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്കുള്ള സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചു തുടങ്ങി. ഈ പ്രവർത്തികളുടെ ഫലമായി ഇടനിലക്കാർക്ക് തങ്ങളുടെ ജോലി നഷ്ടമായി. പൂഴ്ത്തിവെയ്പ്പുകാർക്ക് ജോലിയില്ലാതായി. ഒരു പൈസ പോലും നഷ്ടപ്പെടാതെ ഗുണഭോക്താക്കൾക്ക് തങ്ങളുടെ ആനുകൂല്യങ്ങൾ ലഭിച്ചു. പ്രശംസ കിട്ടാൻ വേണ്ടി മാത്രം ഞാനിത് പറഞ്ഞതല്ല. ഞങ്ങൾ വ്യവസ്ഥിതി മെച്ചപ്പെടുത്തി. അതാണ് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയോട് എനിക്ക് പറയാനുള്ളത്. ഇതുവഴി പാചകവാതക സിലിണ്ടറിന്റെ വർഷം തോറുമുള്ള 15,000 കോടി രൂപയുടെ ചോർച്ച തടയാൻ കഴിഞ്ഞു. അഴിമതി ഇല്ലാതായി.
സഹോദരീ സഹോദരന്മാരേ,
നമ്മുടേത് പോലുള്ള ഒരു രാജ്യത്ത് 15,000 കോടി രൂപ ഒരു സാധാരണ തുകയല്ല. നാം അതു ചെയ്തു കഴിഞ്ഞു. ഒരു തുറന്ന വെബ്ബ്സൈറ്റ് നാം ആരംഭിച്ചു കഴിഞ്ഞു. വിതരണക്കാരുടെ ബോർഡുകളും പ്രദർശിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവനോ അവൾക്കോ അർദ്ധരാത്രി പോലും ഒരു പാചകവാതക സിലിണ്ടർ ലഭിക്കും. എന്നാൽ രാജ്യം കൊള്ളയടിക്കുന്നവരെ അതിനനുവദിക്കുകയില്ല. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കാൻ അനുവദിക്കില്ല. ഇത് അഴിമതിക്കെതിരായ പോരാട്ടമല്ലേ?
എന്റെ സഹോദരീ സഹോദരന്മാരേ,
ഞാൻ നാട്ടുകാരോട് അഭ്യർത്ഥിച്ചിരുന്നു. നിങ്ങൾ സമ്പന്നരാണെങ്കിൽ എന്തിനാണ് പാചകവാതക സബ്സിഡി കൈപ്പറ്റുന്നത്. ഈ 500-700 രൂപ നിങ്ങൾക്ക് എന്തിനാണ്? ചായയ്ക്കും കടിക്കുമായി പ്രതിദിനം നിങ്ങൾ ചെലവിടുന്നു. ഞാൻ ഇപ്പോൾ ഒരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ ടീം ഇന്ത്യ എന്ന നിലയ്ക്ക് അത് തുടങ്ങണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജനങ്ങൾ കാര്യമറിഞ്ഞു വരുമ്പോൾ ഫലമുണ്ടാകും. പക്ഷേ ഇന്ന് ഞാൻ അഭിമാനത്തോടെ പറയും പാചകവാതക സബ്സിഡിയിൽ ഒരു ഗിവ് ഇറ്റ് അപ് പ്രസ്ഥാനം ഞങ്ങൾ ആരംഭിച്ചു. ഇതുവരെ 20 ലക്ഷം പേർ തങ്ങളുടെ സബ്സിഡി വേണ്ടെന്നുവെച്ചു. ഇതൊരു ചെറിയ സംഖ്യയല്ല. അമ്പലത്തിലെ ക്യൂവിൽ പ്രസാദത്തിനായി നിൽക്കുമ്പോൾ ചിലപ്പോൾ നമ്മുടെ സഹോദരനുവേണ്ടിയും നാം വാങ്ങിക്കും. അത് നമ്മുടെ സ്വഭാവമാണ്. പക്ഷേ ഈ 20 ലക്ഷം ജനങ്ങളും സമ്പന്ന കുടുംബങ്ങളിൽ നിന്നല്ല. അവരിൽ ഇടത്തരക്കാരുണ്ട്, അദ്ധ്യാപകരുണ്ട്, ചില പെൻഷൻകാരുമുണ്ട്. ഈ പണം ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിലാണ് പോകുന്നതെന്ന് അറിഞ്ഞപ്പോൾ അവർ തങ്ങളുടെ സബ്സിഡി വേണ്ടെന്നു വച്ചു.
എന്റെ സഹോദരീ സഹോദരന്മാരേ,
ഈ 20 ലക്ഷം പാചകവാതക സിലിണ്ടറുകളും പുക നിറഞ്ഞ അടുക്കളകളുള്ള പാവപ്പെട്ട കുടുംബങ്ങളിലെത്തിയാൽ, നിങ്ങൾ തന്നെ പറയൂ, ആ അമ്മയുടെ, വികാരം എന്തായിരിക്കും. പുക കൊണ്ട് കരഞ്ഞിരുന്ന കുട്ടികൾക്ക് എന്ത് ആശ്വാസമാവും ലഭിക്കുക. ശരിയായ ദിശയിലുള്ള ജോലി ഫലങ്ങൾ നൽകും.
സഹോദരീ സഹോദരന്മാരേ,
ഞാൻ കൽക്കരിയെക്കുറിച്ച് പറഞ്ഞാൽ, ചില രാഷ്ട്രീയ പണ്ഡിതന്മാർ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെയേ അത് കാണുകയുള്ളൂ. ഇതിനുള്ള ശരിയായ അവസരം ഇതല്ലാത്തതിനാൽ രാഷ്ട്രീയ പണ്ഡിതന്മാരോട് ഞാൻ അപേക്ഷിക്കുകയാണ് കൽക്കരിയെക്കുറിച്ച് ഞാൻ പറയാൻ പോകുന്നതിനെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രീയമായി കണക്കാക്കരുത്. ഇത് രാഷ്ട്രത്തിന്റെ പ്രതിബദ്ധതയുടെ അളവുകോലാണ്. കുറിപ്പുകൾ വഴി കൽക്കരി ഖനികൾ അനുവദിച്ചതിലൂടെ 1,76,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളും ഇത് ഉന്നയിച്ചിരുന്നു. പക്ഷേ, അപ്പോഴും അതിന്റെ വ്യാപ്തി അത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല.
എന്റെ സഹോദരീ സഹോദരന്മാരേ,
കൽക്കരി, സ്പെക്ട്രം, ധാതുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താൻ ഞങ്ങൾ സമയോജിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഇവ മൂന്നിന്റേയും ലേലം ആരംഭിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ടീം ഇന്ത്യയുടെ മനക്കരുത്ത് നോക്കുക, ടീം ഇന്ത്യയിലെ 125 കോടി നാട്ടുകാരുടെ മനക്കരുത്ത് നോക്കുക ഒരു നിശ്ചിത സമയത്തിനുള്ളിൽ ലേലങ്ങൾ ആരംഭിച്ചു. ഇതുവഴി ഏകദേശം 3 ലക്ഷം കോടി രൂപ ഗവൺമെന്റ് ഖജനാവിലേക്ക് എത്തും.
സഹോദരീ സഹോദരന്മാരേ,
അഴിമതി വേരോടെ നശിപ്പിച്ചോ, ഇല്ലയോ എന്നും, ഇടനിലക്കാരുടെ കരാറുകൾ അവസാനിപ്പിച്ചോ, ഇല്ലയോ എന്നും, ഇന്ത്യയുടെ ധനം കൊള്ളയടിക്കുന്നവർക്കെതിരെ വാതിലുകൾ അടച്ചോ, ഇല്ലയോ എന്നും സ്വയം ചോദിച്ചു നോക്കൂ. ഞാൻ വെറുമൊരു പ്രസംഗം നടത്തുകയായിരുന്നില്ല, മറിച്ച് ഫലങ്ങൾ നേടിയെടുക്കുകയായിരുന്നു.
സ്പെക്ട്രം വിഷയത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. എഫ്എം റേഡിയോ ലേലം നടക്കുമ്പോൾ വലിയവരായ നിരവധി പേർക്ക് വേവലാതിയായിരുന്നു. അവർ പറഞ്ഞു, മോദിജീ, എഫ്എം റേഡിയോ സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കുന്നതാണ്, അതിൽ നിന്നും ഒരു വരുമാനവും ലഭിക്കില്ല. എന്തിനാണ് താങ്കൾ എഫ്എം റേഡിയോ ലേലം ചെയ്യുന്നത്? ഞാൻ സമ്മർദ്ദത്തിലാക്കപ്പെടുകയും, എന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. പക്ഷെ ഞാൻ പറഞ്ഞു, 125 കോടി ജനങ്ങളടങ്ങിയ ടീം ഇന്ത്യ സുതാര്യത ആഗ്രഹിക്കുന്നു, എഫ്എം റേഡിയോ ലേല നടപടികൾ ഇപ്പോൾ 80 മുതൽ 85 വരെ നഗരങ്ങളിൽ നടക്കുകയാണ്. ലേലത്തുക 1,000 കോടി രൂപ കവിഞ്ഞിരിക്കുന്നു എന്നാണ് രണ്ട് ദിവസം മുൻപ് അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞത്. ഈ പണം പാവപ്പെട്ടവർക്ക് ഉപകാരപ്പെടും. സഹോദരീ സഹോദരന്മാരേ, ഇങ്ങനെയാണ് കരാറുകാർ ഈ രാജ്യത്തെ ഭരിച്ചത്, ഇങ്ങനെയാണവർ കൊള്ളയടിച്ചത്, ഇങ്ങനെയാണവർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചത്. എന്തുതരം കച്ചവടമാണ് നമ്മുടെ രാജ്യത്ത് നടന്നത്? വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന കൽക്കരി കടൽത്തീരത്തുള്ള പവർ പ്ളാന്റുകൾക്ക് നൽകാതെ കൽക്കരി ഖനികൾക്ക് സമീപമുള്ള ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയും, കൽക്കരിഖനിയുള്ള പ്രദേശങ്ങളിൽ നിന്നും കൽക്കരി കടൽത്തീരത്തുള്ള ഫാക്ടറികളിലേക്ക് കടത്തിക്കൊണ്ട് വരികയും ചെയ്തു. ചരക്കുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കടത്തുന്നതിലും നല്ലത് വിഭവങ്ങൾ പ്രാദേശികമായി ഉപയോഗപ്പെടുത്തുന്നതാണെന്ന് ഒരു കൊച്ചു കുട്ടിയ്ക്ക് പോലുമറിയാം. സഹോദരീ സഹോദരന്മാരേ, നാം ഈ നയത്തിൽ മാറ്റം വരുത്തി. ഉത്പാദന കേന്ദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറികൾക്ക്് ആദ്യം പ്രയോജനപ്പെടണമെന്ന ചെറിയ തീരുമാനം ഇടനിലക്കാരെ തൊഴിൽരഹിതരാക്കിയെന്നും, 1,100 കോടി രൂപ ഗവൺമെന്റ് ഖജനാവിൽ നിക്ഷേപിക്കപ്പെട്ടുവെന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ഇത് എല്ലാ വർഷവും സംഭവിക്കും. അഴിമതി ഒരുവിധത്തിൽ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അത് വേരോടെ അറുത്തു മാറ്റിയില്ലെങ്കിൽ, സഹോദരീ സഹോദരന്മാരേ, ത്രിവർണ്ണങ്ങളെ സാക്ഷിയാക്കി ഞാനീ പ്രസ്താവന നടത്തുകയാണ്. ചുവപ്പ്കോട്ടയുടെ കൊത്തളത്തിൽ നിന്നുമാണ് ഞാനിത് പറയുന്നത്, 125 കോടി പൗരന്മാരുടെ സ്വപ്നം മനസ്സിലാക്കിയിട്ടാണ് ഞാനിത് പറയുന്നത്. 15 മാസങ്ങൾ പിന്നിട്ടിട്ടും നിങ്ങൾ ഡൽഹിയിൽ വാഴിച്ച ഗവൺമെന്റിനെതിരെ ഒറ്റപ്പൈസയുടെ പോലും അഴിമതി ആരോപണമില്ല. എന്റെ രാജ്യവാസികളേ, നിങ്ങൾ എന്നെ വിശ്വസിച്ചുവെന്ന ഉത്തരവാദിത്വം എനിക്കുണ്ട്, വിചാരണകളും, ക്ളേശങ്ങളും ഞാൻ സഹിക്കുകയും, എല്ലാ പ്രയാസങ്ങളെയും ദൗത്യം പൂർത്തീകരിക്കാനായി നേരിടുകയും ചെയ്യും. നിങ്ങളുടെ അനുഗ്രഹാശിസ്സുകളാൽ, അഴിമതി വിമുക്ത ഇന്ത്യയെന്ന സ്വപ്നം ഞാൻ സാക്ഷാത്കരിക്കുമെന്ന് പറയാനാണ് ഞാനിവിടെ വന്നത്. ഞാൻ പറഞ്ഞു ഇതൊരു ചിതലാണെന്ന്. ഡൽഹിയിലെ ഗവൺമെന്റിൽ നിന്നു മാത്രം അഴിമതി ഇല്ലാതാക്കിയതുകൊണ്ട് ഒന്നുമാകില്ല, പല ചെറിയ സ്ഥലങ്ങളിലും ഇപ്പോഴും ബുദ്ധിമുട്ടുകളുണ്ട്. പാവപ്പെട്ടവർ പീഡനങ്ങളാൽ വിഷമിക്കപ്പെടുകയാണ്. നമ്മുടെ രാഷ്ട്ര മന:സാക്ഷിയെ നാം ഉണർത്തേണ്ടതുണ്ട്. ഇത്തരം അഴിമതികളെക്കുറിച്ചുള്ള സുവ്യക്തമായ ഉൾക്കാഴ്ച നേടിയെടുത്തതിനു ശേഷം സാധാരണക്കാരെ അഴിമതിയിൽ നിന്നും സ്വതന്ത്രരാക്കുന്നതിനായി നാം ഒരുമിച്ച് നിൽക്കണം. അപ്പോൾ മാത്രമേ ഈ കളങ്കത്തെ നമുക്ക് അകറ്റാനാകൂ.
സഹോദരീ സഹോദരന്മാരേ,
ഞാൻ കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാം. കള്ളപ്പണത്തിനെതിരെ, ഒന്നിനു പിറകേ ഒന്നായി, നാം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. ഞങ്ങൾ സുപ്രധാന നടപടികൾ തുടർച്ചയായി നടപ്പാക്കി. ഗവൺമെന്റ് അധികാരത്തിൽ വന്ന് ആദ്യ ദിവസം തന്നെ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി തീരുമാനമെടുക്കാതെ കിടന്നിരുന്ന ഈ കാര്യം, നമ്മുടെ ഗവൺമെന്റിന്റെ ആദ്യ ആഴ്ചയിൽ തന്നെ പൂർത്തീകരിക്കപ്പെട്ടു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ, കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ട് വരാൻ നമ്മെ സഹായിക്കാനാകുന്ന രാജ്യങ്ങളുമായി ഞാൻ സംസാരിച്ചു. കള്ളപ്പണത്തിനെതിരായും, കള്ളപ്പണം കണ്ടുകെട്ടുന്നതിന് പരസ്പരം സഹായിക്കുന്നതിനുമുള്ള പ്രമേയം നമ്മുടെ നിർബന്ധത്തിനു വഴങ്ങി ജി 20 ഉച്ചകോടിയിൽ പാസ്സാക്കി. അമേരിക്കയുമായി എഫ്എറ്റിസിഎ നിയമം വഴി നാം ബന്ധപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ കള്ളപ്പണത്തെക്കുറിച്ച് യഥാസമയം വിവരം നൽകാനും, ഇത് തിരികെ കൊണ്ടുവരാൻ സഹായിക്കാനും കഴിയുന്ന രാജ്യങ്ങളുമായി നാം കരാറുകളിൽ ഒപ്പിട്ടു. ഒന്നിനു പിറകേ മറ്റൊന്നായി നാം നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
കള്ളപ്പണത്തിനെതിരായി ഒരു കർശന നിയമം നാം പാസ്സാക്കി. ഇത് ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ക്രൂര നടപടിയാണെന്ന് നിയമം പാസ്സായ ശേഷം നമ്മളുമായി അടുപ്പമുള്ള ചിലർ പരാതിപ്പെടുകയാണ്. ഈ കരിനിയമം മൂലം ഉദ്യോഗസ്ഥവൃന്തങ്ങളുടെ അതിക്രമങ്ങൾ വർദ്ധിക്കുമെന്നാണ് അവർ പറയുന്നത്.
സഹോദരീ സഹോദരന്മാരേ,
രോഗം മൂർച്ഛിക്കുന്ന ചില സാഹചര്യങ്ങളിൽ ഇത്തരം ഔഷധ പ്രയോഗങ്ങൾ ആവശ്യമായി വരും, ആ മരുന്നുകൾ കുത്തിവെയ്ക്കുമ്പോൾ, അവയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർ പറയും, കള്ളപ്പണമെന്ന രോഗം പക്ഷേ ഭീകരമാണ്, പാർശ്വഫലങ്ങൾ ഉണ്ടാകുമെങ്കിലും കഠിനമായ നിയമങ്ങളിലൂടെ മാത്രമേ അതിനെ നേരിടാനാകൂ. കള്ളപ്പണത്തിനെതിരായ നിയമം നിരവധിപ്പേർക്ക് അസ്വസ്ഥതയുണ്ടാക്കിയതായി എനിക്കറിയാം. അതിൽ വെള്ളം ചേർക്കാനും വ്യവസ്ഥകൾ ഇളവു ചെയ്യപ്പെടുമെന്ന് അനുഭവിച്ചറിയാനുമാണ് അവർ ആഗ്രഹിക്കുന്നതെന്ന വിവരം നമുക്ക് ലഭിച്ചു. എന്നാൽ കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള കഠിനമായ നിയമങ്ങൾ നിലനിർത്തുക തന്നെ ചെയ്യുമെന്ന് ടീം ഇന്ത്യയോട് പറയാൻ ഞാനാഗ്രഹിക്കുന്നു. ഈ നിയമം നിലനിൽക്കുന്നതിനാൽ ഇന്ത്യയ്ക്ക് പുറത്തേക്ക് കള്ളപ്പണം അയയ്ക്കാൻ ആരും ധൈര്യപ്പെടില്ല. കുറഞ്ഞ പക്ഷം കള്ളപ്പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് പരിശോധിക്കാനാകുമെന്ന ഗുണം നമുക്കുണ്ട്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള ഒരു ജാലകം ഞങ്ങൾ ലഭ്യമാക്കി, 6,500 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം പൊതു സ്വത്തിലേക്ക് വന്നതായി എനിക്ക് പറയാനാകും. ഈ പണം ഗവൺമെന്റ് ഖജനാവിലേക്ക് വന്നു ചേരും. അത് ദരിദ്രർക്ക് പ്രയോജനപ്പെടും. കള്ളപ്പണമെന്ന ഭീഷണി തുടച്ചു നീക്കാനായി നാം എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ, അത് പൂർത്തീകരിക്കാനായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്ന് എനിക്ക് നിങ്ങൾക്ക് ഉറപ്പു നൽകാനാവും.
സഹോദരി, സഹോദരന്മാരെ,
ഞങ്ങളുടെ ഗവൺമെന്റ് രൂപീകരിക്കപ്പെടുന്നതിനു മുൻപ് വെറും 800 കേസുകൾ മാത്രമാണ് അഴിമതിയ്ക്കെതിരായി സിബിഐ രജിസ്റ്റർ ചെയ്തത്- വെറും 800. ഇപ്പോളവർ അഴിമതിയ്ക്കെതിരെ 1,800 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരായി നടപടികൾ ആരംഭിക്കുകയും ചെയ്തു. അഴിമതിയ്ക്കെതിരെ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഗവൺമെന്റ് രൂപീകരിക്കപ്പെട്ട് 10 മാസങ്ങൾക്കുള്ളിൽ 800 ൽ നിന്നും 1800 ആയി ഉയരുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകും. അഴിമതിയ്ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തെ ഇത് വിവരിക്കും.
അഴിമതിയ്ക്കെതിരായ ഞങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നത്. പത്രസമ്മേളനങ്ങളിലൂടെയല്ല അത് കാണിക്കുന്നത്, മറിച്ച് ഞങ്ങൾ അടിത്തട്ടിൽ നടപടികൾ സ്വീകരിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തു. സംവിധാനനങ്ങളെ മാറ്റാൻ ഞങ്ങൾ ശ്രമിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എങ്ങനെ പണം നേരിട്ട് ജൻധൻ അക്കൗണ്ടുകളിലേക്ക് പോകും, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളിൽ എങ്ങനെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകും, ദല്ലാൾമാരുടെ പ്രവർത്തനങ്ങൾ എങ്ങനെ കുറയ്ക്കാനാകും, ആ ദിശയിൽ ഞങ്ങൾ പ്രവർത്തിക്കാനാരംഭിച്ചു, ഇത്തരം നടപടികളിലൂടെ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്റെ കർഷക സഹോദരീ, സഹോദരന്മാരെ, ആവശ്യത്തിനു മഴ ലഭിക്കാത്തതിനാൽ കഴിഞ്ഞ വർഷം പ്രതിസന്ധിയുണ്ടായി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ബുദ്ധിമുട്ട് നേരിടുകയും കർഷകർക്ക് നഷ്ടം സഹിക്കേണ്ടി വരികയും ചെയ്തു. എന്നിരുന്നാലും പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്നതിൽ നാം വിജയിച്ചു. ഞങ്ങൾ അധികാരത്തിൽ വരുന്നതിനു മുൻപ് പണപ്പെരുപ്പ നിരക്ക് രണ്ടക്കമായിരുന്നുവെന്നും, അത് രണ്ടക്കമായി തുടരുകയായിരുന്നുവെന്നും അംഗീകരിക്കണം. ആവശ്യത്തിനുള്ള മഴ ലഭിക്കാത്തതു മൂലം കർഷകർ പ്രയാസത്തിലായിരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ശ്രമങ്ങളിലൂടെ പണപ്പെരുപ്പം രണ്ടക്കത്തിൽ നിന്നും, മൂന്നു മുതൽ നാല് ശതമാനം വരെയായി താഴ്ത്തുന്നതിൽ നാം വിജയിച്ചു. ദരിദ്രരിൽ ദരിദ്രരായവർക്കും വിശപ്പിനെ തൃപ്തിപ്പെടുത്താനാകണമെന്ന് സ്വപ്നമാണ് നാം കാണുന്നത്, എന്നതിനാൽ നാം ശ്രമങ്ങൾ തുടരും.
എന്നാൽ നമ്മുടെ രാജ്യത്തെ കാർഷിക വൃത്തിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതായ ആവശ്യമുണ്ട്. കാർഷിക ഭൂമി ചുരുങ്ങുകയാണ്, കുടുംബങ്ങൾക്കിടയിൽ ഭൂമി വീതം വെയ്ക്കപ്പെടുകയും കൃഷിഭൂമി ചെറുതാകുകയും ചെയ്യുന്നു. നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്, ഉത്പാദനക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട്, കർഷകർക്ക് ജലം വേണം, കർഷകർക്ക് വൈദ്യുതി വേണം. ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് കീഴിൽ 50,000 കോടി രൂപ ചെലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ജലം കൃഷിഭൂമിയിൽ എത്തുന്നുണ്ടെന്ന് നാം ഉറപ്പു വരുത്തണം, ജലം സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. ജലം സംരക്ഷിക്കുക, ഊർജ്ജം സംരക്ഷിക്കുക, രാസവളം കുറയ്ക്കുക. കർഷക വൃത്തിയിലുടനീളം നാം ഈ മന്ത്രം പ്രചാരപ്പെടുത്തണം, അതിനായി ഓരോ തുള്ളിയ്ക്കും, കൂടുതൽ വിളവ് എന്നതിലേക്ക് നാം മുന്നോട്ട് പോകണം, അതിലൂടെ ഓരോ തുള്ളി ജലവും പരമാവധി വിളവ് പ്രദാനം ചെയ്യുകയും, കൃഷി വിജയകരമായിത്തീരുകയും ചെയ്യും. ഈ ദിശയിൽ പണം ചെലവഴിക്കപ്പെടണം. കൊടുങ്കാറ്റ് മൂലം കുറച്ചു കാലം മുൻപ് നാശനഷ്ടങ്ങളുണ്ടായി. ഞങ്ങൾ നഷ്ടപരിഹാരം നൽകുകയും സഹായധനം ഉയർത്തുകയും ചെയ്തു. കഴിഞ്ഞ 60 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നടപടിയാണിത്. മുൻപ് നാശങ്ങൾ സംഭവിക്കുമ്പോൾ നഷ്ടം 50 ശതമാനം ആണെങ്കിൽ മാത്രമായിരുന്നു നഷ്ടപരിഹാരം നൽകിയിരുന്നത്. ഞങ്ങളത് 30 ശതമാനമാക്കിക്കുറച്ചു. കഴിഞ്ഞ 60 വർഷത്തിനിടയിൽ കർഷകരെ സഹായിക്കുന്നതിനായി അത്തരമൊരു വലിയ സമാശ്വാസം നൽകിയിട്ടില്ല. കർഷകർക്ക് യൂറിയ ആവശ്യമുണ്ട്; ഞങ്ങൾ വേപ്പു പുരട്ടിയ യൂറിയ നൽകാനാരംഭിച്ചു. അഴിമതിയ്ക്കെതിരായ പോരാട്ടം എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോകാമെന്ന് ഞാൻ വീണ്ടും നിങ്ങളോട് പറയാം. വേപ്പ് പുരട്ടൽ- മോദിയുടെ മനസ്സിൽ തോന്നിയ ഒരു കാര്യമല്ല, ഇത് ശാസ്ത്രജ്ഞർ നിർദ്ദേശിച്ച ആശയമാണ്, ഇത് ആദ്യമായി എന്റെ ഗവൺമെന്റിനു മുന്നിൽ വന്ന ആശയമല്ല, മറ്റ് ഗവൺമെന്റുകളും ഇത് കണ്ടിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് കർഷകരുടെ പേരിൽ യൂറിയ വിതരണത്തിനയക്കുന്നു. ദശലക്ഷങ്ങൾ വില വരുന്ന യൂറിയയാണിങ്ങനെ അയക്കുന്നത്. ഇതിൽ 15,20,25
ശതമാനവും അസംസ്കൃത വിഭവമായി ഫാക്ടറികളിലേക്ക് പോകുന്നു, ഇടനിലക്കാരിലൂടെയാണ് ഈ കളവ്. 100 ശതമാനം വേപ്പ് പുരട്ടലിലൂടെയല്ലാതെ നമുക്ക് ഈ കളവ് അവസാനിപ്പിക്കാനാവില്ല. അതിനാലാണ് ഗവൺമെന്റിനു മേൽ അധിക ഭാരമാകുമെങ്കിൽക്കൂടിയും 100 ശതമാനം യൂറിയയും വേപ്പ് പുരട്ടിയതാക്കുന്നത്. അത്തരം യൂറിയ കൃഷിയ്ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാനാകില്ല. അതിൽ നിന്നും ഒന്നും ഊറ്റിയെടുക്കാൻ ഒരു രാസ ഫാക്ടറിയ്ക്കുമാവില്ല. അതിനാൽ കർഷകരുടെ യൂറിയയ്ക്കുള്ള ആവശ്യം നിറവേറ്റപ്പെടുകയും, വേപ്പ് പുരട്ടിയ യൂറിയയിലൂടെ കൃഷിഭൂമിയുടെ പോഷകാവശ്യം നിറവേറ്റപ്പെടുകയും, 10 ശതമാനം യൂറിയയുടെ ഉപയോഗം കുറയ്ക്കാനാവുകയും ചെയ്യും. ഇതിന്റെ ഗുണം കർഷകർക്ക് ലഭിക്കും, വരുന്ന വിളവു കാലത്തേക്ക് ഈ രാജ്യത്തെ കർഷകർക്ക് യൂറിയയുടെ ഒരു പുതിയ ഗുണം ലഭിക്കും. കൂടാതെ ആരെങ്കിലും അബദ്ധത്തിൽ വേപ്പ് പുരട്ടാത്ത യൂറിയ നിങ്ങളെ കാണിക്കാനിടയായാൽ, അത് ഗവൺമെന്റ് അംഗീകൃതമല്ലെന്ന് നിങ്ങൾ വിശ്വസിക്കണമെന്ന് ഞാൻ കർഷകരോട് നിർദ്ദേശിക്കുന്നു, ആരെങ്കിലും നിങ്ങൾക്ക് മഞ്ഞപ്പൊടി നൽകിയാൽ അതിനെ തൊടരുത്.
സഹോദരീ സഹോദരന്മാരേ,
ഇന്ത്യ വികസിക്കാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കിഴക്കൻ ഇന്ത്യയുടെ വികസനത്തോടെയല്ലാതെ സാധ്യമാകില്ലെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ ഇന്ത്യ മാത്രമാണ് മുന്നേറുന്നതെങ്കിൽ, അത് ഇന്ത്യയുടെ മുന്നേറ്റമാവില്ല. കിഴക്കൻ ഉത്തർ പ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ആസ്സാം, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ശക്തമാകുമ്പോൾ മാത്രമേ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനാവൂ. ഇന്ത്യയുടെ ഈ ഭാഗങ്ങളും ശാക്തീകരിക്കപ്പെടണം. അതിനാൽ അടിസ്ഥാനസൗകര്യ വികസനമാകട്ടെ, റെയിൽ ബന്ധിപ്പിക്കലോ ഡിജിറ്റൽ കണക്ടീവിറ്റിയോ ആകട്ടെ, നമ്മൾ കിഴക്കൻ ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ പ്രക്രിയയുടെ ഭാഗമായി അവിടെ വാതക പൈപ്പ്ലൈനുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. അടുക്കളകളിൽ പൈപ്പ് വെള്ള വിതരണം പോലും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായി കണക്കാക്കിയിരുന്ന ആ സംസ്ഥാനങ്ങളിൽ ഇന്ന് വാതക പൈപ്പ്ലൈനുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ.
പ്രവർത്തനരഹിതമായ നാലു വള നിർമ്മാണ വ്യവസായശാലകളുണ്ടായിരുന്ന കിഴക്കൻ ഇന്ത്യയിൽ യുവാക്കൾ തൊഴിൽരഹിതരും കൃഷിക്കാർ നിരവധി പ്രശ്നങ്ങളെ നേരിടുന്നവരും ആയിരുന്നു. നാം പുതിയ യൂറിയ നയവും പുതിയ വാതക വിതരണ നയവും രൂപീകരിച്ചതിന്റെ ഫലമായി ഇന്ന്ഗോരഖ്പൂരാകട്ടെ, ബറേലിയാകട്ടെ, താൽച്ചറോ സിന്ധ്രിയോ ആകട്ടെ, എല്ലാം കിഴക്കുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ വളനിർമ്മാണ വ്യവസായശാലകൾ പുനരുജ്ജീവിപ്പിച്ചു കൊണ്ട് യുവാക്കൾക്ക് തൊഴിലും കർഷകർക്ക് രാസവളവും നൽകുകയും ഈ ദിശയിൽ നിരന്തരം പ്രവർത്തിച്ചു വരികയുമാണ്. സഹോദരീ സഹോദരന്മാരേ, സൈനികരുടെ ക്ഷേമത്തിനായി ഗവൺമെന്റിൽ ഒരു പ്രത്യേക വകുപ്പുണ്ട്. എന്നുവരികിലും കർഷകരുടെ പ്രാധാന്യം സൈനികരുടേതിനേക്കാൽ ഒട്ടും തന്നെ കുറവല്ല. ഈ 60 വർഷങ്ങളിൽ നമ്മൾ കൃഷിയുടെ സാമ്പത്തിക വശത്തിനു മാത്രമേ പ്രാധാന്യം നൽകിയിരുന്നുള്ളൂ. നമ്മുടെ വിള മികച്ചതാകുകയും കൃഷി വികസിക്കുകയും വേണം. അതിനാലാണ് മന്ത്രാലയത്തിന്റെ പേര് കൃഷി മന്ത്രാലയം എന്നായിരുന്നത്.
സഹോദരീ സഹോദരന്മാരേ, കൃഷി മന്ത്രാലയത്തിന്റെ പ്രാധാന്യം സർവ്വപ്രധാനമാണെങ്കിലും തുല്യ പ്രാധാന്യമുള്ളതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയായ കർഷകരുടെ ക്ഷേമം. കൃഷിയുടെ മാത്രം വികസനം ഗ്രാമീണ ജീവിതത്തെ അപൂർണ്ണമാക്കും. കർഷകരുടെ ക്ഷേമവുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമേ അത് പൂർണ്ണമാകുകയുള്ളൂ. ആയതിനാൽ, എന്റെ സഹോദരീ സഹോദരന്മാരേ, കേന്ദ്ര ഗവൺമെന്റിൽ കൃഷി മന്ത്രാലയം എന്നറിയപ്പെട്ടിരുന്നത് ഇനി മുതൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയം എന്നറിയപ്പെടും. ഭാവിയിൽ കൃഷിക്കുള്ള ആസൂത്രണത്തോടൊപ്പം തന്നെ കർഷക ക്ഷേമവും ആസൂത്രണം ചെയ്യപ്പെടും. വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരും നിരവധി വൈഷമ്യങ്ങളിലൂടെ കടന്നു പോവുകയും ചെയ്യുന്നവരായ കർഷകരെ സഹായിക്കുന്നതിനായി ഗവൺമെന്റ് പ്രവർത്തിക്കും. ഇതിനു വേണ്ടി ഒരു സ്ഥിര സംവിധാനമുണ്ടാക്കും. സഹോദരീ സഹോദരന്മാരേ, വരും ദിവസങ്ങളിൽ ഒരു കാര്യത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ആസന്നമായ ആ ചുമതലയിലേക്ക് നിങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും രാജ്യത്തെ 18,500 ഗ്രാമങ്ങളിൽ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. ഈ ഗ്രാമങ്ങൾക്ക് വൈദ്യുതിയും വികസനവും അന്യമാണ്. നാം പഴയ ക്രമം പിന്തുടർന്നാൽ ഈ 18,500 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തിക്കാൻ ഇനിയും ഒരു 10 വർഷം കൂടിയെടുക്കും. പത്ത് വർഷം കാത്തിരിക്കാൻ രാജ്യം ഒരുക്കമല്ല. സമയക്രമം നിശ്ചയിക്കാൻ ഞാൻ ഉദ്യോഗസ്ഥരുടെ ഒരു യോഗം നടത്തിയിരുന്നു. ചിലർ പറഞ്ഞു അത് 2019 നകം നടത്താം, ചിലർ പറഞ്ഞു 2022-നകം നടത്താം. കൊടുങ്കാടിന്റെയും, അതിവിദൂര മലമ്പ്രദേശങ്ങളുടെയും മോശം കണക്ടീവിറ്റിയുടെയും ഒഴിവുകഴിവുകളാണ് അവർ നിരത്തിയത്. ടീം ഇന്ത്യയ്ക്കൊരു പ്രതിജ്ഞയുണ്ട്. 1000 ദിവസങ്ങൾക്കകം ഈ 18,500 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കും. സംസ്ഥാന ഗവൺമെന്റുകളോട് ഇത് ചെയ്യാൻ ഞാൻ ഗൗരവമായി അഭ്യർത്ഥിക്കുകയാണ്. ചില സംസ്ഥാനങ്ങൾ മാത്രമേ ഇത് ചെയ്യേണ്ടതുള്ളൂ. ഈ സംസ്ഥാനങ്ങളുടെ പേര് ഞാൻ പറഞ്ഞാൽ അതൊരു രാഷ്ട്രീയ പ്രസ്താവനയായി വീക്ഷിക്കപ്പെടും. അതിനാലാണ് ഞാൻ അവയുടെ പേരുകൾ പറയാത്തത്. അടുത്ത 1000 ദിവസങ്ങൾക്കകം 18,500 ഗ്രാമങ്ങളിൽ സംസ്ഥാനങ്ങളുടെ പ്രാദേശിക ഘടകങ്ങളുടെ സഹകരണത്തോടെ നാം വൈദ്യുതിയെത്തിക്കുമെന്ന് ഇന്ന് ടീം ഇന്ത്യ, 125 കോടി ജനങ്ങൾ, ഈ ചെങ്കോട്ടയിൽ നിന്ന് പ്രതിജ്ഞയെടുക്കുകയാണ്.
ഞാൻ കർഷക ക്ഷേമത്തെ പറ്റി സംസാരിച്ചു, ഇത് ഉത്കണ്ഠാജനകമായ ഒരു വിഷയമാണ്. ഇതു പോലെ തന്നെ കൽക്കരിയാകട്ടെ, ബോക്സൈറ്റാകട്ടെ, നമ്മുടെ ധാതു സമ്പത്ത് ശേഖരിക്കുന്ന ആ പ്രദേശങ്ങളോട് നാം അവധാനത പുലർത്തുന്നു. അവയുടെ വികസനത്തോട് നാം അലംഭാവം പ്രകടിപ്പിക്കുന്നു. ആ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതമെങ്ങനെയെന്ന് നോക്കൂ. ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താൻ പ്രവർത്തിക്കുന്ന അവർ, വികസനത്തിന്റെ അഭാവത്തിൽ യാതനകൾ അനുഭവിക്കുന്നു. അത്തരം പ്രദേശങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും വികസനത്തിനായി നമ്മൾ ഒരു പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ധാതു സമ്പന്നവും ഭൂരിപക്ഷം ആദിവാസി മേഖലകളുമായ ഇവിടങ്ങളിൽ എല്ലാ വർഷവും ഏതാണ്ട് 6000 കോടി രൂപ ചെലവഴിക്കപ്പെടും. ഈ മേഖലകളുടെ വികസത്തിനുള്ള പ്രവർത്തനങ്ങൾ നമ്മൾ ആരംഭിച്ചു കഴിഞ്ഞു.
സഹോദരീ സഹോദരന്മാരേ,
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് യുവശക്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രധാന പങ്ക് വഹിക്കും. മത്സരാത്മക ലോകത്ത് മുന്നോട്ട് പോകണമെങ്കിൽ അവസരങ്ങൾ നൽകി നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്കെങ്ങനെ പുതിയ സംരംഭകരാകാൻ സാധിക്കും, അവരെങ്ങനെ പുതിയ ഉത്പാദകരാകാം, അവരെങ്ങനെ സ്റ്റാർട്ട് അപ്പുകളുടെ ഒരു വലിയ ശൃംഖലയാരംഭിക്കും? ഒരു പുതിയ സ്റ്റാർട്ട് അപ്പ് ഉടനാരംഭിക്കാത്ത ഒരു ജില്ലയും ബ്ളോക്കും ഇന്ത്യയിലുണ്ടാകാൻ പാടില്ല. സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ഇന്നില്ലാത്ത ഒന്നാം സ്ഥാനം കൈവരിക്കാൻ കഴിയുമെന്ന് നമുക്ക് സ്വപ്നം കണ്ടു കൂടേ.
സഹോദരീ സഹോദരന്മാരേ,
സ്റ്റാർട്ട് അപ്പുകളുടെ ആവശ്യകതയെ കുറിച്ച് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ വരും ദിവസങ്ങളിൽ സ്റ്റാർട്ട് അപ്പ് ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നാം പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.
എന്റെ സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ ഒരു വർഷം ഞാൻ ഈ പ്രവൃത്തി മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ബാങ്ക് ജീവനക്കാർ പ്രശംസനീയമായ വിധത്തിൽ ജോലി ചെയ്തു. നിങ്ങൾ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുമ്പോൾ എന്റെ പ്രതീക്ഷകൾ കൂടുതൽ ഉയരങ്ങളിലേക്ക് പോകുന്നു. ബാങ്കുകളിലെ എന്റെ സുഹൃത്തുക്കളെ, ബാബാ സാഹേബ് അംബേദ്കറിന്റെ ഈ 125-ാം ജന്മവാർഷികത്തിൽ, 1.25 ലക്ഷം ബാങ്ക് ശാഖകളാണുള്ളത്. എനിക്ക് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതിയുണ്ട്. നമുക്ക് ഇനിയും കൂടുതൽ പദ്ധതികളാകാം, എന്നാൽ ആദിവാസി മേഖലയിൽ ശാഖയുള്ള ബാങ്ക് എന്റെ ആദിവാസി സഹോദരന്മാർക്കു വേണ്ടിയും ആദിവാസി മേഖലയിലല്ലാത്ത ശാഖ എന്റെ ദലിത് സഹോദരന്മാർക്കു വേണ്ടിയും അതായത്, ഓരോ ശാഖയും സ്റ്റാർട്ട് അപ്പിനു വേണ്ടിയുള്ള സാമ്പത്തിക സഹായമായി ഒരു ദലിതനോ, ആദിവാസി വിഭാഗക്കാരനോ വായ്പ നൽകുമെന്നും വരും ദിനങ്ങളിൽ പ്രതിജ്ഞ ചെയ്യണം. ഈ വിധത്തിൽ ഒരേ സമയത്ത് 1.25 ലക്ഷം ദലിത് സംരംഭകരെ വളർത്തിയെടുക്കാൻ സാധിക്കും. ആദിവാസി ജനവാസ മേഖലകളിൽ ആദിവാസി സംരംഭകരും ഉയർന്നു വരും. സ്റ്റാർട്ട് അപ്പുകൾക്ക് പുതിയൊരു മാനം നൽകി കൊണ്ട് നമുക്ക് ഇത് ചെയ്യാൻ സാധിക്കും. രണ്ടാമതായി, ഈ 1.25 ലക്ഷം ബാങ്ക് ശാഖകൾക്ക് വനിതാ സംരംഭകർക്കായി ഒരു പ്രത്യേക പദ്ധതി രൂപീകരിക്കാൻ സാധിക്കുമോ? 1.25 ലക്ഷം ശാഖകൾ 1.25 ലക്ഷം വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക സഹായം നൽകണം. അങ്ങനെ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ മുക്കിലും മൂലയിലും സ്റ്റാർട്ട് അപ്പുകളുടെ ഒരു ശൃംഖലയുണ്ടാകും. പുതിയ വ്യവസായികൾ സജ്ജരാകും. ചിലർ ഒരാൾക്കും, ചിലർ രണ്ടു പേർക്കും, മറ്റു ചിലർ നാലു പേർക്കും തൊഴിൽ നൽകുക വഴി രാജ്യത്തിന്റെ സാമ്പത്തിക ജീവിത്തിൽ മാറ്റത്തിന് വഴി തുറക്കും.
സഹോദരീ സഹോദരന്മാരേ,
എപ്പോഴൊക്കെ രാജ്യത്ത് മൂലധന നിക്ഷേപമുണ്ടാകുമ്പോഴും, അത് നിർമ്മാണ മേഖലയിലാകണമെന്നും പരമാവധി കയറ്റുമതി സാധ്യതയുള്ളതാകണമെന്നും നമ്മൾ അഭ്യർത്ഥിക്കുകയും, ഇതിനായി ഗവൺമെന്റ് ധനകാര്യ വകുപ്പ് മൂലധന നിക്ഷേകർക്കായി നിരവധി പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യും. ഇത് പ്രധാനപ്പെട്ടതും തുടരേണ്ടതുമാണ്. എന്നാൽ ഇന്ന്, ഞാൻ ഒരു പുതിയ ആശയവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് എപ്പോഴൊക്കെ മൂലധന നിക്ഷേപമുണ്ടാകുമ്പോഴും , നിർമ്മാണ മേഖലയിൽ നിക്ഷേപമുണ്ടാകുമ്പോഴും, ഗവൺമെന്റ് സഹായത്തിന് ചില മാനദണ്ഡങ്ങളുണ്ടാകും. ഏതു തരത്തിലുള്ള വ്യവസായമാണ് നിങ്ങൾ സ്ഥാപിക്കുന്നതെങ്കിലും, പരമാവധി ആളുകൾക്ക് തൊഴിൽ നൽകാനായാൽ, നിങ്ങൾക്ക് ഒരു വ്യത്യസ്ത സാമ്പത്തിക പാക്കേജ് ലഭിക്കുമെന്ന മാനദണ്ഡം കൂടി ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയ യൂണിറ്റുകൾക്കുള്ള സഹായം തൊഴിൽ നൽകലുമായി ബന്ധപ്പെടുത്താൻ ഗവൺമെന്റ് ആഗ്രഹിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നാൻ നാം ആഗ്രഹിക്കുന്നു. സ്കിൽ ഇന്ത്യയുടെയും ഡിജിറ്റൽ ഇന്ത്യയുടെയും സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ നാം ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. സഹോദരീ സഹോദരന്മാരേ, തൊഴിൽ അഴിമതിയുടെ മേഖല കൂടിയാണ്. ദരിദ്രരിൽ ദരിദ്രനായ വ്യക്തി പോലും തന്റെ മകന് ഒരു ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എപ്പോഴൊക്കെ ജോലിക്കായി അഭിമുഖമുണ്ടെങ്കിലും, അത് റെയിൽവേയിലാകട്ടെ, അധ്യാപക ജോലിയാകട്ടെ, ഡ്രൈവറുടെ ജോലിയാകട്ടെ, ചെറുപ്പക്കാർ ശുപാർശയ്ക്കായി ആരെയെങ്കിലും അന്വേഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഒരു വിധവയായ അമ്മ പോലും ജോലിക്കായി ആരെയെങ്കിലും സമീപിക്കാമെന്ന് ചിന്തിക്കുന്നു.
എന്തു കൊണ്ട്? എന്തു കൊണ്ടെന്നാൽ, ഇവിടെ യോഗ്യതയേക്കാൾ, അഭിമുഖത്തിന്റെ പേരിൽ നീതിയും അനീതിയും തമ്മിലുള്ള ഒരു മത്സരമാണ് നടക്കുന്നത്. അപ്പോൾ അവർ പറയും ചിലർ അഭിമുഖത്തിൽ പരാജയപ്പെട്ടെന്ന്. രണ്ടു മിനിട്ടിൽ ഒരാളെ അഭിമുഖം നടത്തി ആ വ്യക്തിയെ പൂർണ്ണമായും വിലയിരുത്താൻ കഴിയുന്ന ഒരു മനശ്ശാസ്ത്രജ്ഞനെയും ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. സഹോദരീ സഹോദരന്മാരേ, ചെറിയ തൊഴിലുകൾ ആവശ്യമുള്ള പാവപ്പെട്ട ഒരമ്മയുടെ മകനോ, കുറഞ്ഞ വിദ്യാഭ്യാസമുള്ള ജനങ്ങൾക്കോ, ഒരു ജോലി ലഭിക്കാൻ അഭിമുഖ പരീക്ഷ നേരിടേണ്ടത് അത്യാവശ്യമാണോ എന്ന് ഞാൻ വളരെക്കാലമായി ചിന്തിക്കുന്നു?
ഓൺലൈനിൽ സമർപ്പിക്കുന്ന മാർക്ക് ഷീറ്റിന്റെ അടിസ്ഥാനത്തിൽ ഇത് തീരുമാനിക്കപ്പെട്ടു കൂടേ? അഞ്ഞൂറോ രണ്ടായിരമോ ആളുകളെ ആവശ്യമുള്ളപ്പോൾ മാർക്ക്ഷീറ്റിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള അഞ്ഞൂറോ രണ്ടായിരമോ പേരെ തിരഞ്ഞെടുക്കുക വഴി, മാർക്ക്ഷീറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടതാണ്. ശാരീരിക ക്ഷമതയാവശ്യമുള്ള ഘട്ടങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആവശ്യമാണെന്ന് ഞാൻ സമ്മതിക്കുന്നു. ഉയർന്ന ഉദ്യോഗങ്ങൾക്കും വ്യക്തിത്വം പ്രധാനമായതിനാൽ ബാഹ്യരൂപം കണക്കാക്കപ്പെടും. റെയിൽവേ ജോലിക്കായി പരീക്ഷയെഴുതാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും നാഗാലാൻഡിൽ നിന്നും മിസോറാമിൽ നിന്നും ജനങ്ങൾ മുംബൈയിലേക്ക് പോകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നമുക്ക് ഈ പീഡനം അവസാനിപ്പിക്കണം. ചെറിയ ജോലികൾക്കായി അഭിമുഖ പരീക്ഷകൾ എത്രയും വേഗം നിർത്തലാക്കാനും യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാനും ഞാൻ സംസ്ഥാന ഗവൺമെന്റുകളോടും ഗവൺമെന്റിലെ എന്റെ പങ്കാളികളോടും ആഹ്വാനം ചെയ്യുന്നു. പാവപ്പെട്ടവനെ ബുദ്ധിമുട്ടിപ്പിക്കുന്ന അഴിമതിയിൽ നിന്ന് രാജ്യത്തെ ഇത് മുക്തമാക്കും. നമുക്ക് അതിനു വേണ്ടി പരിശ്രമിക്കണം, ഇത് എന്റെ അഭ്യർത്ഥനയാണ്.
നമ്മുടെ രാജ്യം സമാധാനപൂർവം ഉറങ്ങുന്നു. 125 കോടി രാജ്യവാസികളും സമാധാനപൂർവം ഉറങ്ങുന്നു. നമ്മുടെ സൈനികൾ അതിർത്തികളിൽ പരമമായ ത്യാഗത്തിനായി തയ്യാറായി നിൽക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. ഒരു രാജ്യത്തിനും അവരുടെ സൈന്യത്തെ താഴ്ന്ന നിലയിൽ വിലയിരുത്താൻ സാധിക്കില്ല. 125 കോടി രാജ്യവാസികളുടെ ടീം ഇന്ത്യയ്ക്ക്, ഒരോ സൈനികനും, ഓരോ ജവാനും രാജ്യത്തിന്റെ ശക്തിയാണ്, രാജ്യത്തിന്റെ സമ്പത്തും ഊർജ്ജവുമാണ്.
ഭൂതകാലത്തിൽ നിരവധി ഗവൺമെന്റുകൾ വന്നു പോയി. ഒരു റാങ്ക്, ഒരു പെൻഷൻ. ഈ വിഷയം എല്ലാ ഗവൺമെന്റുകളുടെ മുന്നിലുമെത്തി. ശുപാർശകൾ എല്ലാ ഗവൺമെന്റുകളുടെ മുന്നിലും സമർപ്പിക്കപ്പെട്ടു. എല്ലാ ഗവൺമെന്റുകളും ചില ഉറപ്പുകളും വാഗ്ദാനങ്ങളും നൽകിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. എനിക്കും ഇതേ വരെ അത് ചെയ്യാൻ സാധിച്ചിട്ടില്ല. ഒരു റാങ്ക്, ഒരു പെൻഷൻ നാം തത്വത്തിൽ അംഗീകരിച്ചു കഴിഞ്ഞതായി ഈ ത്രിവർണ്ണ പതാക സാക്ഷിയാക്കി, ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്നു കൊണ്ട് ഒരു വ്യക്തിയായല്ല, മറിച്ച് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയുടെ പ്രതിനിധിയായി നിന്നു കൊണ്ട് എന്റെ എല്ലാ സായുധ സൈനികർക്കും ഞാൻ ഉറപ്പു നൽകുന്നു. വിവിധ സംഘടനകളുമായി ചർച്ചകൾ ഇപ്പോഴും നടന്നു വരുന്നു. ഈ ചർച്ചകൾ അവസാന വട്ടത്തിലെത്തുമ്പോഴേക്കും, രാജ്യത്തിന്റെ ആകമാന വികസനം മുന്നിൽ കണ്ടു കൊണ്ട് എല്ലാവർക്കും നീതി ലഭിക്കുമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ 20-25 വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന പ്രശ്നങ്ങൾക്കാണ് ഞങ്ങൾ പരിഹാരം കാണേണ്ടത്. ഈ നിലയ്ക്ക് ചർച്ചകൾ പുരോഗമിച്ചാൽ അതിന്റെ അന്ത്യം ഫലപ്രാപ്തിയിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ, ഈ ഗവൺമെന്റ് ഒരു റാങ്ക്, ഒരു പെൻഷൻ തത്വത്തിൽ അംഗീകരിച്ചതായി ഒരിക്കൽ കൂടി ഞാൻ ഉറപ്പു നൽകുന്നു. വിഷയത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചും ബന്ധപ്പെട്ട വ്യക്തികളുമായി ചർച്ച ചെയ്തും ഇത് നടപ്പാക്കാനായി നമ്മൾ മുന്നോട്ട് പോവുകയാണ്.
സഹോദരീ സഹോദരന്മാരേ, 2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കും. 2022-ൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു കൊണ്ട് നാം നിശ്ശബ്ദരായി ഇരിക്കുകയില്ല. നമ്മൾക്ക് ഒരു പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. രാജ്യത്തിലെ ഒരോ ഗ്രാമത്തിലും, ആറു ലക്ഷം ഗ്രാമങ്ങളിൽ 2022 ഓടെ ഈ പ്രശ്നം ഇല്ലായ്മ ചെയ്യണം.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് 125 കോടി രാജ്യവാസികൾ പ്രതിജ്ഞ ചെയ്യണം. 125 കോടി ജനങ്ങൾ ഈ പ്രതിജ്ഞയെടുത്താൽ 2022 ഓഗസ്റ്റ് 15ന്റെ പുലരി ദർശിക്കുന്നത് രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവർ കണ്ട സ്വപ്നം സാക്ഷാത്ക്കരിച്ച 125 കോടി ഇന്ത്യക്കാരെയാകും. ആറു ലക്ഷം ഗ്രാമങ്ങളുടെ ആറു ലക്ഷം സ്വപ്നങ്ങളും, നഗരങ്ങളും, മെട്രോപൊളിറ്റൻ പ്രദേശങ്ങളും, ഗവൺമെന്റിന്റെ ഓരോ വകുപ്പും ഓരോ യൂണിറ്റും ഒരു പ്രതിജ്ഞ നിറവേറ്റണം, അതിനായി നമുക്ക് ഉടൻ പ്രവർത്തനമാരംഭിക്കണം. നമ്മുടെ എല്ലാ എഴുത്തുകളും നമ്മുടെ എല്ലാ സ്വപ്നങ്ങളും ആ പ്രതിജ്ഞ നിറവേറ്റാൻ പ്രവർത്തിക്കണം.
നമ്മുടെ സ്വാതന്ത്ര്യ സമരം ദശാബ്ദങ്ങൾ നീണ്ടെങ്കിലും സ്വാതന്ത്ര്യം ഇനിയും ദർശിക്കാനായിട്ടില്ല. 1910-ലും 1920-ലും 1930-ലും എല്ലാം അവർ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചിരുന്നു. നാം ദശാബ്ദങ്ങളോളം സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നതിനാൽ മാത്രമാണ് നമുക്ക് അത് കൈവരിക്കാനായത്. സമ്പൽസമൃദ്ധമായ ഒരിന്ത്യയ്ക്കു വേണ്ടി നാം ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കും, സംസ്ക്കാരമുള്ളതായ ഇന്ത്യയ്ക്കും ആരോഗ്യപൂർണ്ണമായ ഇന്ത്യയ്ക്കും, അഭിമാനപൂർണ്ണമായ ഇന്ത്യയ്ക്കും, മഹത്തരമായ ഇന്ത്യയ്ക്കും വേണ്ടി പ്രവർത്തിക്കണം. 2022-ഓടെ വീടുകളില്ലാത്ത ഒരു ദരിദ്രനും ഉണ്ടാകാൻ പാടില്ല. 24 മണിക്കൂർ വൈദ്യുതി വിതരണം ലഭ്യമാക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ കർഷകരും വനിതകളും ശാക്തീകരിക്കപ്പെട്ടവരും, നമ്മുടെ തൊഴിലാളികൾ സംതൃപ്തരും, നമ്മുടെ യുവാക്കൾ സ്വയം പര്യാപ്തരും, നമ്മുടെ മുതിർന്നവർ ആരോഗ്യവാന്മാരും, നമ്മുടെ പാവപ്പെട്ടവർ സമ്പുഷ്ടരുമാകണം. സമൂഹത്തിൽ ആരും പിന്നിലായി പോകരുത്. എല്ലാവരും തുല്യാവകാശങ്ങൾ അനുഭവിക്കുകയും ഇന്ത്യൻ സമൂഹം സൗഹാർദ്ദത പുലർത്തുകയും വേണം. ഈ സ്വപ്നത്തോടെ, സ്വാതന്ത്ര്യദിനത്തിന്റെ ഈ മംഗളാഘോഷത്തിൽ, നിങ്ങളുടെ എല്ലാവരുടെയും ഒപ്പം സുനിശ്ചിത കർത്തവ്യത്തോടെ മുന്നോട്ട് പോകുമെന്ന് ഞാൻ ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യുകയും, എന്റെ 125 കോടി സഹ രാജ്യവാസികളെ ഹൃദയം നിറഞ്ഞ് ആശംസിക്കുകയും ചെയ്യുന്നു.
ഭാരത് മാതാ കീ ജയ്
വന്ദേ മാതരം
ജയ് ഹിന്ദ് !